Kerala
പരവൂർ: വിദേശ വിനോദസഞ്ചാരികൾക്കായി റെയിൽവേ അനുവദിച്ചിട്ടുള്ള പ്രത്യേക ക്വോട്ട (ഫോറിൻ ടൂറിസ്റ്റ് ക്വോട്ട) ടിക്കറ്റുകളിൽ വൻ ക്രമക്കേടും ദുരുപയോഗവും. ഇത്തരത്തിൽ ടിക്കറ്റ് തരപ്പെടുത്തി ട്രെയിൻ യാത്ര ചെയ്യുന്നവർക്കെതിരേ റെയിൽവേ നടപടി ശക്തമാക്കി.
മതിയായ രേഖകളില്ലാതെ ഈ ക്വോട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത 39 കേസുകളിലായി 121 യാത്രക്കാരെ ഇതിനകം അധികൃതർ പിടികൂടി. ഇവരിൽ നിന്നായി 3.56 ലക്ഷം രൂപ പിഴ ഈടാക്കിയതായി റെയിൽവേ മന്ത്രാലയം അധികൃതർ അറിയിച്ചു.
ഫെബ്രുവരിയിൽ സംഘമിത്ര എക്സ്പ്രസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. വിദേശികൾക്കുള്ള ടിക്കറ്റിൽ ഇന്ത്യൻ യാത്രക്കാർ സഞ്ചരിക്കുന്നതു കണ്ടെത്തിയതോടെ ഭാവിയിലേക്കുള്ള ബുക്കിംഗുകളിൽ റെയിൽവേ വിശദമായ പരിശോധന നടത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 24-നും ജൂൺ 11-നും ഇടയിൽ 31 ട്രെയിനുകളിലായി നടന്ന ബുക്കിംഗുകൾ പരിശോധിച്ചപ്പോഴാണു വ്യാപക ക്രമക്കേട് പുറത്തുവന്നത്.
ടിക്കറ്റ് ബുക്കിംഗിൽ ഏതെങ്കിലും ഏജന്റുമാർക്കു പങ്കുണ്ടോ എന്ന് കണ്ടെത്താൻ റെയിൽവേ ഐആർസിടിസിയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. വിദേശികൾക്കായി റിസർവ് ചെയ്ത ബർത്തുകളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരെ ഉടൻ തന്നെ ഒഴിവാക്കി ആ സീറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് നൽകാനാണ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ നൽകിയിട്ടുള്ള നിർദേശം.
നിബന്ധനകൾ ഇങ്ങനെ:
വിദേശ ടൂറിസ്റ്റ് ക്വോട്ട പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാൻ വിദേശികൾക്കും പ്രവാസി ഇന്ത്യക്കാർക്കും (എൻആർഐ) മാത്രമേ അനുവാദമുള്ളൂ. ബുക്കിംഗ് സമയത്ത് സാധുവായ പാസ്പോർട്ട് വിവരങ്ങളും അന്താരാഷ്ട്ര മൊബൈൽ നമ്പറും നൽകണം. സാധാരണ നിരക്കിന് പുറമേ 200 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി നൽകേണ്ടതുണ്ട്.
അനർഹമായ ക്വോട്ടയിൽ ടിക്കറ്റ് എടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും യാത്രക്കാർ നിർബന്ധമായും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്നും റെയിൽവേ ഓർമിപ്പിച്ചു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 139 എന്ന ഹെൽപ്പ് ലൈൻ വഴിയോ റെയിൽ മദദ് ആപ്പ് വഴിയോ പരാതിപ്പെടാം.
Kerala
പാലക്കാട്: ലോട്ടറി കടകള് കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള് പിടിയില്. പത്തനംതിട്ട ആനപ്പാറ ബിജു(54) ആണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്.
ഒട്ടേറെ മോഷണകേസുകളില് പ്രതിയാണ് ബിജു. ഡിസംബര് 21ന് പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജന്സിസ് കുത്തിത്തുറന്ന് ലോട്ടറി മോഷ്ടിച്ചിരുന്നു.
മോഷ്ടിച്ച ലോട്ടറികളില് സമ്മാനവും അടിച്ചു. ഇവ കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളിലാണ് മാറ്റി പണമാക്കിയിരുന്നു. ചെറുപ്പം മുതല് ലോട്ടറി എടുക്കുന്നത് ശീലമാക്കിയിരുന്ന പ്രതി അതിനു കഴിയാതെ വന്നതോടെയാണ് ലോട്ടറിമോഷണം ആരംഭിച്ചത്. കണ്ണൂര്, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളില് പ്രതിക്കെതിരെ മോഷണക്കേസകളുണ്ട്.
National
ന്യൂഡൽഹി: യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. ഇതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വർധനവാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാവും വർധന.
215 കിലോ മീറ്റർ വരെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയിട്ടില്ല. ഇതിന് പുറമേ നോൺ എസി കോച്ചിൽ 500 കിലോ മീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം.
മധ്യ-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ റെയിൽവേ വർധിപ്പിച്ചിട്ടില്ല.
2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.